
എന്‍റെ കവിത.
താള നിബദ്ധം ആണു് പദ്യം. ലയവും താളവും ആശയവും ചേര്‍ന്നൊരു സംഗീതമാകുന്നു പദ്യം.
ലയ താളമില്ലെങ്കിലും ആശയം ആവിഷ്ക്കരിക്കുന്നതു് ഗദ്യം.
ഇനി കവിതയോ. ആത്മാവിഷ്ക്കാരത്തിന്‍റെ മനോഹര മേഖലകളില്‍ പദ്യം കടഞ്ഞെടുക്കപ്പെടുന്നതാണു് കവിത. തൂണിലും തുരുമ്പിലും കവിത ദര്‍ശിക്കാം.കണ്ണിലും മനസ്സിലും കവിതയാവുന്നതു് താള ലയ സന്നിഘ്ദ്ധതകളുടെ ആവിഷ്ക്കരണമായിരിക്കും.
മാനം ചേര്‍ന്ന ഭടന്‍റെ മിന്നല്‍ ചിതറും കൈ വാളിളക്കത്തിലും.
സാനന്ദം കളിയാടിടുന്ന ശിശുവിന്‍ തൂവെര്‍പ്പണിപ്പൂങ്കവിള്‍ സ്ഥാനത്തും,
കവിതയേക്കുറിച്ചു തന്നെ.
പഴമകള്‍ കുറിച്ചിട്ട ഒരു വരി.
ഭടന്‍റെ മിന്നല്‍ ചിതറുന്ന വാളില്‍ കവിതയില്ല. താള നിബദ്ധമായ ആ വാളിളക്കത്തില്‍ കവിതയുണ്ടു്.
ശിശുവിലല്ലാ, അവന്‍റെ തൂവേര്‍പ്പണിഞ്ഞു ചുവന്നു തുടുത്ത ആ കൊച്ചു പൂങ്കവിളില്‍ കവിതയുണ്ടു്.
താള ലയ സമ്മിശ്രമാണു് കവിത. ഗദ്യ കവിതയില്‍ താളമില്ല. ആശയങ്ങളൊരു ലയത്തിലൊരു മാലയാക്കിയിരിക്കുന്നു. പൂക്കളുടെ സ്ഥാനം താള നിബദ്ധമല്ല. പക്ഷേ ആശയങ്ങള്‍ ഒരു ലയമാക്കി കോരി എറിയുമ്പോള്‍ അതാസ്വദിക്കാനാകുന്നു. അതവതരിപ്പിക്കാനും പൊരുത്തവും ശാസ്ത്രവും കണക്കുകളുടേയും ചട്ടക്കൂട്ടുകള്‍ അനുസരിക്കേണ്ടാത്തതു കൊണ്ടു് എളുപ്പവും ആകുന്നു. പക്ഷേ ഒരു വായനക്കു ശേഷം ഓര്‍ക്കാതിരിക്കാനും താളം എന്ന പ്രകൃതി തത്വം അനുസരിക്കാത്തതിനാല്‍ മെഡല്ലാ ഒബ്ലാങേറ്റാ അതിനെ വിസ്മൃതിയുടെ ഡാര്‍ക്കു് ഫീല്‍ഡിലേക്കതിനെ മാറ്റി വയ്ക്കുന്നു.
അവിടെ ഒരു ചോദ്യം.? ആര്‍ക്കോര്‍മ്മിക്കാന്‍. ആരോടു് പ്രതിബദ്ധത. ? കേട്ടു മറന്നതും, ഇനിയും കേള്‍ക്കേണ്ടി വരുന്നതും ആയ വാദങ്ങള്‍ ലോകമുള്ള കാലത്തോളം പല രൂപത്തിലും പല ഭാവത്തിലും നടന്നു കൊണ്ടേ ഇരിക്കും. ഞാനെഴുതുന്നതു് എനിക്കു വേണ്ടി മാത്രം. ഞാനാരാണെന്നറിയാതെയുള്ള വിഹ്വലതകളിലെ ഒളിച്ചോട്ടം.
പുതിയതെന്നു കരുതി കുതിക്കുന്നവര്‍ എന്നും ഉണ്ടായിരുന്നു. കാല യവനികയിലെ മറവികളായി രൂപാന്തരം പ്രാപിക്കുമ്പോഴും വെറുതേ പറയും. ഇതായിരുന്നു കവിത.
ഒരു മഴ,
ഒരു കുഞ്ഞിന്‍റെ കരച്ചില്‍,
ഇടിയും മിന്നലും,
എന്തിനു് നിശ്ശബ്ദതയുടെ താളം,
ഇവിടൊക്കെ കവിതയല്ലാതെ മറ്റെന്താണു് നാം ദര്‍ശിക്കുന്നതു്.
കുലുങ്ങി മറിഞ്ഞ ജടയും,ഉരഞ്ഞുലഞ്ഞ ഉഡുക്കും, ഉരസ്സലില്‍ ഉതിര്‍ന്നു വീണ താള നിബദ്ധമായ ശബ്ദങ്ങളും. സംസ്കൃതമായെന്നു പറയുന്നു .അതൊരു ഭാഷയായെന്നു പറയുന്നു. ആ ഭാഷയില്‍ അനേക ശതകം കവിതകളും ..ആ കവിതകള്‍ പുരാണങ്ങളായി, വേദങ്ങളായി, ഉപനിഷത്തുകളായി, രാമായണമായി, മഹാഭാരതമായി, ചരിത്രങ്ങളായി.കാല്പനികതകളുടെ വരമ്പുകളതിലുണ്ടു്. പക്ഷേ കവിതയുണ്ടു്.
പ്രകൃതി ഒരു കവിതയാണു്.
താള നിബദ്ധമായ ഒരു കവിത.
അവളിലെ ഒരു നിശ്വാസം പോലും ഒരു മനോഹര കവിത തന്നെ. ഒരിടവപ്പാതി മഴയ്ക്കു ശേഷം നനഞ്ഞു കുതിര്‍ന്നു കിടക്കുന്ന പാടങ്ങളിലും,നട്ടുച്ചയ്ക്കു് മീനച്ചൂടില്‍ കുളിച്ചു കിടക്കുന്ന് വയലേലകളിലും , വൃശ്ച്ചിക കാറ്റില്‍ കുളുര്‍ന്നു നില്ല്ക്കുന്ന പാതിരാ കാറ്റിനോ പാടാന്‍ കവിതകള്‍.
കാറ്റിനും വെയിലിനും താളമുണ്ടു്. മനസ്സില്‍ നിന്നും മനസ്സിലേയ്ക്കു പകരുന്ന ഒരു മാന്ത്രിക സത്യം.
പ്രകൃതിയുടെ ഈണം കവിതയിലുണ്ടു്. മനുഷ്യനിലെ അന്തര്‍ലീനമായ താളം കവിതയില്‍ സ്പന്ദിക്കണം എന്നെനിക്കു തോന്നാറുണ്ടു്. മനുഷ്യ മനസ്സിലെ സൌന്ദര്യ ദര്‍ശനമാണു് കവിത എന്നെനിക്കു തോന്നുമ്പോള്‍ തന്നെ പ്രകൃതിയുടെ താളാത്മകതയെ ഞാന്‍ കവിതയായി ദര്‍ശിക്കുന്നു.
-----------------------------------------------------
2007 ജാനുവരയിലെ ഒരു പോസ്റ്റു്--------------------------------------------------