വെള്ളിയാഴ്‌ച, നവംബർ 02, 2007

വലിയലോകവും ചെറിയ വരകളും (എന്‍റെ കവിത‍‍)

Buzz Itഎന്‍റെ കവിത.


താള നിബദ്ധം ആണു് പദ്യം. ലയവും താളവും ആശയവും ചേര്‍ന്നൊരു സംഗീതമാകുന്നു പദ്യം.
ലയ താളമില്ലെങ്കിലും ആശയം ആവിഷ്ക്കരിക്കുന്നതു് ഗദ്യം.

ഇനി കവിതയോ. ആത്മാവിഷ്ക്കാരത്തിന്‍റെ മനോഹര മേഖലകളില്‍ പദ്യം കടഞ്ഞെടുക്കപ്പെടുന്നതാണു് കവിത. തൂണിലും തുരുമ്പിലും കവിത ദര്‍ശിക്കാം.കണ്ണിലും മനസ്സിലും കവിതയാവുന്നതു് താള ലയ സന്നിഘ്ദ്ധതകളുടെ ആവിഷ്ക്കരണമായിരിക്കും.


മാനം ചേര്‍ന്ന ഭടന്‍റെ മിന്നല്‍ ചിതറും കൈ വാളിളക്കത്തിലും.
സാനന്ദം കളിയാടിടുന്ന ശിശുവിന്‍ തൂവെര്‍പ്പണിപ്പൂങ്കവിള്‍ സ്ഥാനത്തും,
കവിതയേക്കുറിച്ചു തന്നെ.

പഴമകള്‍ കുറിച്ചിട്ട ഒരു വരി.

ഭടന്‍റെ മിന്നല്‍ ചിതറുന്ന വാളില്‍ കവിതയില്ല. താള നിബദ്ധമായ ആ വാളിളക്കത്തില്‍ കവിതയുണ്ടു്.
ശിശുവിലല്ലാ, അവന്‍റെ തൂവേര്‍പ്പണിഞ്ഞു ചുവന്നു തുടുത്ത ആ കൊച്ചു പൂങ്കവിളില്‍ കവിതയുണ്ടു്.


താള ലയ സമ്മിശ്രമാണു് കവിത. ഗദ്യ കവിതയില്‍ താളമില്ല. ആശയങ്ങളൊരു ലയത്തിലൊരു മാലയാക്കിയിരിക്കുന്നു. പൂക്കളുടെ സ്ഥാനം താള നിബദ്ധമല്ല. പക്ഷേ ആശയങ്ങള്‍ ഒരു ലയമാക്കി കോരി എറിയുമ്പോള്‍ അതാസ്വദിക്കാനാകുന്നു. അതവതരിപ്പിക്കാനും പൊരുത്തവും ശാസ്ത്രവും കണക്കുകളുടേയും ചട്ടക്കൂട്ടുകള്‍ അനുസരിക്കേണ്ടാത്തതു കൊണ്ടു് എളുപ്പവും ആകുന്നു. പക്ഷേ ഒരു വായനക്കു ശേഷം ഓര്‍ക്കാതിരിക്കാനും താളം എന്ന പ്രകൃതി തത്വം അനുസരിക്കാത്തതിനാല്‍ മെഡല്ലാ ഒബ്ലാങേറ്റാ അതിനെ വിസ്മൃതിയുടെ ഡാര്‍ക്കു് ഫീല്‍ഡിലേക്കതിനെ മാറ്റി വയ്ക്കുന്നു.


അവിടെ ഒരു ചോദ്യം.? ആര്‍ക്കോര്‍മ്മിക്കാന്‍‍. ആരോടു് പ്രതിബദ്ധത. ? കേട്ടു മറന്നതും, ഇനിയും കേള്‍ക്കേണ്ടി വരുന്നതും ആയ വാദങ്ങള്‍ ലോകമുള്ള കാലത്തോളം പല രൂപത്തിലും പല ഭാവത്തിലും നടന്നു കൊണ്ടേ ഇരിക്കും. ഞാനെഴുതുന്നതു് എനിക്കു വേണ്ടി മാത്രം. ഞാനാരാണെന്നറിയാതെയുള്ള വിഹ്വലതകളിലെ ഒളിച്ചോട്ടം.


പുതിയതെന്നു കരുതി കുതിക്കുന്നവര്‍ എന്നും ഉണ്ടായിരുന്നു. കാല യവനികയിലെ മറവികളായി രൂപാന്തരം പ്രാപിക്കുമ്പോഴും വെറുതേ പറയും. ഇതായിരുന്നു കവിത.


ഒരു മഴ,
ഒരു കുഞ്ഞിന്‍റെ കരച്ചില്‍,
ഇടിയും മിന്നലും,
എന്തിനു് നിശ്ശബ്ദതയുടെ താളം,
ഇവിടൊക്കെ കവിതയല്ലാതെ മറ്റെന്താണു് നാം ദര്‍ശിക്കുന്നതു്.


കുലുങ്ങി മറിഞ്ഞ ജടയും,ഉരഞ്ഞുലഞ്ഞ ഉഡുക്കും, ഉരസ്സലില്‍ ഉതിര്‍ന്നു വീണ താള നിബദ്ധമായ ശബ്ദങ്ങളും‍. സംസ്കൃതമായെന്നു പറയുന്നു .അതൊരു ഭാഷയായെന്നു പറയുന്നു. ആ ഭാഷയില്‍ അനേക ശതകം കവിതകളും ..ആ കവിതകള്‍ പുരാണങ്ങളായി, വേദങ്ങളായി, ഉപനിഷത്തുകളായി, രാമായണമായി, മഹാഭാരതമായി, ചരിത്രങ്ങളായി.കാല്പനികതകളുടെ വരമ്പുകളതിലുണ്ടു്. പക്ഷേ കവിതയുണ്ടു്.


പ്രകൃതി ഒരു കവിതയാണു്.
താള നിബദ്ധമായ ഒരു കവിത.
അവളിലെ ഒരു നിശ്വാസം പോലും ഒരു മനോഹര കവിത തന്നെ. ഒരിടവപ്പാതി മഴയ്ക്കു ശേഷം നനഞ്ഞു കുതിര്‍ന്നു കിടക്കുന്ന പാടങ്ങളിലും,നട്ടുച്ചയ്ക്കു് മീനച്ചൂടില്‍ കുളിച്ചു കിടക്കുന്ന് വയലേലകളിലും , വൃശ്ച്ചിക കാറ്റില്‍ കുളുര്‍ന്നു നില്ല്ക്കുന്ന പാതിരാ കാറ്റിനോ പാടാന്‍ കവിതകള്‍.കാറ്റിനും വെയിലിനും താളമുണ്ടു്. മനസ്സില്‍ നിന്നും മനസ്സിലേയ്ക്കു പകരുന്ന ഒരു മാന്ത്രിക സത്യം.
പ്രകൃതിയുടെ ഈണം കവിതയിലുണ്ടു്. മനുഷ്യനിലെ അന്തര്‍ലീനമായ താളം കവിതയില്‍ സ്പന്ദിക്കണം എന്നെനിക്കു തോന്നാറുണ്ടു്. മനുഷ്യ മനസ്സിലെ സൌന്ദര്യ ദര്‍ശനമാണു് കവിത എന്നെനിക്കു തോന്നുമ്പോള്‍ തന്നെ പ്രകൃതിയുടെ താളാത്മകതയെ ഞാന്‍ കവിതയായി ദര്‍ശിക്കുന്നു.


-----------------------------------------------------
2007 ജാനുവരയിലെ ‍‍ ഒരു പോസ്റ്റു്
--------------------------------------------------

12 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

കല്ലില്‍‍ കൊത്തി വച്ച കവിതേ , നിന്‍റെ കനകചിലങ്ക...:)

ശ്രീലാല്‍ പറഞ്ഞു...

പ്രസക്തമായ ലേഖനം. ചിത്രവും.

ഗദ്യമായാലും പദ്യമായാലും നല്ല കവിതകള്‍ ആശയം അതിന്റെ അതേ മൂര്‍ച്ചയോടെ സംവദിക്കാറുണ്ട്‌. വായനാസുഖം എങ്കിലും പദ്യ കവിതകള്‍ക്കു തന്നെ.
നല്ല ഗദ്യകവിതകള്‍ ചിതറിക്കിടക്കുന്ന പൂക്കളായും നല്ല പദ്യകവിതകള്‍ പൂക്കള്‍ കോര്‍ത്ത ഒരു പൂമാലയായും ആയിട്ടാണെനിക്കു തോന്നുന്നത്‌. രണ്ടിനും ആശയമാകുന്ന സൗരഭ്യമുണ്ടെങ്കിലും ഇഷ്ടം പൂമാല തന്നെ

തറവാടി പറഞ്ഞു...

വേണുവേട്ടാ ,

കാര്‍‌ട്ടൂണ്‍ നന്നായി.

ലേഖനം കുറച്ചുകൂടി ലളിതമായിരുന്നെങ്കില്‍ , മനസ്സിലാക്കാന്‍ എളുപ്പമായിരുന്നു , :)

മഴത്തുള്ളി പറഞ്ഞു...

പ്രകൃതി ഒരു കവിതയാണു്.
താള നിബദ്ധമായ ഒരു കവിത.
അവളിലെ ഒരു നിശ്വാസം പോലും ഒരു മനോഹര കവിത തന്നെ. ഒരിടവപ്പാതി മഴയ്ക്കു ശേഷം നനഞ്ഞു കുതിര്‍ന്നു കിടക്കുന്ന പാടങ്ങളിലും,നട്ടുച്ചയ്ക്കു് മീനച്ചൂടില്‍ കുളിച്ചു കിടക്കുന്ന് വയലേലകളിലും , വൃശ്ച്ചിക കാറ്റില്‍ കുളുര്‍ന്നു നില്ല്ക്കുന്ന പാതിരാ കാറ്റിനോ പാടാന്‍ കവിതകള്‍.

ഈ ലേഖനം എനിക്ക് നല്ല കുട്ടിക്കവിതകളെഴുതാന്‍ പ്രചോദനമാകുന്നുണ്ട്. ആശയം എങ്ങോട്ട് തിരിഞ്ഞാലും കിട്ടുമല്ലോ അല്ലേ മാഷേ. നന്നായിരിക്കുന്നു.

കൃഷ്‌ | krish പറഞ്ഞു...

“മനുഷ്യനിലെ അന്തര്‍ലീനമായ താളം കവിതയില്‍ സ്പന്ദിക്കണം എന്നെനിക്കു തോന്നാറുണ്ടു്.“
“അവളിലെ ഒരു നിശ്വാസം പോലും ഒരു മനോഹര കവിത തന്നെ.“

കവിത, കവിത, ഏതു കവിതയുടെ കാര്യമാ ഇവിടെ പറയുന്നത്, ഒരു കണ്‍ഫൂഷന്‍സ്..

(സാന്റ്റോസ് ഇപ്പോള്‍ സ്ഥിരം കള്ള് ഷാപ്പിലാണോ)

മുരളി മേനോന്‍ (Murali Menon) പറഞ്ഞു...

അണ്ഡകടാഹങ്ങളിലെ അലയാഴിയില്‍ അന്തര്‍ലീനമായിരിക്കുന്ന അനവരതം അടിയൊഴുക്കുകള്‍ അനിസ്യൂതം അനര്‍ഗ്ഗള നിര്‍ഗ്ഗളമായ് അത്ഭുത പ്രതിഭാസമായ് അച്ചന്‍ കോവിലാര്‍ വഴി അട്ടപ്പാടിയില്‍ എത്തിയപ്പോള്‍ അമ്മിക്കല്ല്, ആട്ടുകല്ല്, ആകാശവേര്, അച്ചാറ് എന്നിവ വിറ്റു നടന്നവന്‍ അത്ഭുത പരതന്ത്രനായ് കോട്ടുവായിട്ട് മൊഴിഞ്ഞു, മ്പ്ര്യോ, ന്ധ്രു, ഇണ്‍ദ്യൊ, ഞ്ചങ്ക്ര്യും ങ്ക്യങ്ക്കക്കൊ, പൂയ്......
ഇതിന്റെ തുടക്കത്തിലുള്ളത് പദ്യ കവിത, നടുവിലുള്ളത് ഗദ്യ കവിത, ഒടുവിലുള്ളത് ഉത്തരാധുനിക കവിത..... മനസ്സിലായില്ലെങ്കില്‍ ബുദ്ധിയില്ലായ്മ, വായനയുടെ കുറവ്... മാ വാരികകളും, സാധാരണ ബ്ലോഗുകളും വായിച്ച് വായിച്ച് ഉള്ള ബുദ്ധിയൊക്കെ പോയി.... ഇനിയെങ്കിലും നല്ല നല്ല ആധുനിക - ഉത്തരാധുനിക കഥകളും, കവിതകളും വായിച്ച് മനസ്സിലാക്കാന്‍ ശ്രമിക്ക്.. അപ്പോള്‍ ബുദ്ധി വരും.... (എന്റെ ബ്ലോഗ് ഇതിലേതിലും പെടുത്താവുന്ന സൊയമ്പന്‍ ബ്ലോഗാണ് - ISO regn അടുത്ത് നടക്കും...പിന്നെ Bureau of Indian Standards ലും അപേക്ഷിച്ചീട്ടുണ്ട്.)

ചിത്രകാരന്‍chithrakaran പറഞ്ഞു...

കവിതയെക്കുറിച്ചാണോ?
അവള്‍ ആട്ടക്കാരിയും,പാട്ടുകാരിയും,
കൂത്തച്ചിയും,
താളക്കരിയുമൊന്നുമല്ല.

വേണു venu പറഞ്ഞു...

അഭ്പ്രായമെഴുതിയ എല്ലാവര്‍ക്കും നന്ദി.:)
ശ്രീലാല്‍‍, ചിതറിയ പൂക്കളേയും പൂമാലകളേയും മനസ്സിലാക്കാനുള്ള എന്ന്റ്റെ ചെറിയ ശ്രമം മനസ്സിലാക്കിയതിനും ആദ്യ കമന്‍റിനും നന്ദി.:)
തറവാടി, ഇതും ആധുനികമായി പോയോ.?
മഴതുള്ളി, കുട്ടികവിതകള്‍ക്കു് ഈ ലേഖനം പ്രയോജനപ്പെടുമെന്നറിയുന്നതില്‍ സന്തോഷം. ഇനിയും നല്ല നല്ല കുട്ടികവിതകള്‍‍ എഴുതാന്‍‍ കഴിയട്ടെ.:)
കൃഷേ,ഹഹാ.. നമ്മടെ വടക്കേലെ ഭാസ്ക്കരന്‍‍ ചേട്ടന്‍റെ മകാള്‍‍ കവിതയല്ല.:)
മുരളി മേനോന്‍‍, ഹാഹാ...വാളെടുത്തവന്‍‍ വാളാല്‍‍ എന്നു പറഞ്ഞ പോലെ, മാഷെടെ കമന്‍റൊരു അത്യന്താധുനികന്‍ കമന്‍റു്. ഹാഹാ...നന്ദി.:)
ചിത്രകാരന്‍‍, സന്ദര്‍ശനത്തിനു് നന്ദി.
ആട്ടക്കാരിയും പാട്ടുകാരിയും താളക്കാരിയും കൂത്തിച്ചിയുമായ കവിതയെ കുറിച്ചു് ഇവിടെ എഴുതിയില്ലല്ലോ.:)
എല്ലാവര്‍ക്കും കൂപ്പു കൈ.:)

G.manu പറഞ്ഞു...

sarvam kaavyaathmakam

KuttanMenon പറഞ്ഞു...

വരയും വരിയും നന്നായി. വേണുജിയുടെ പോസ്റ്റുകളില്‍ ഏറ്റവും ഇഷ്ടമായ ഒരു പോസ്റ്റ്.

വേണു venu പറഞ്ഞു...

ജി.മനു, സര്‍വ്വം കാവ്യാത്മകം.:)
കുട്ടന്‍‍ മേനോന്‍‍, വലിയ വാക്കുകള്‍ക്കു് സന്തോഷം.
രണ്ടു പേര്‍ക്കും നന്ദി.:)

പ്രയാസി പറഞ്ഞു...

പ്രകൃതി ഒരു കവിതയാണു്.
താള നിബദ്ധമായ ഒരു കവിത.
അവളിലെ ഒരു നിശ്വാസം പോലും ഒരു മനോഹര കവിത തന്നെ. ഒരിടവപ്പാതി മഴയ്ക്കു ശേഷം നനഞ്ഞു കുതിര്‍ന്നു കിടക്കുന്ന പാടങ്ങളിലും,നട്ടുച്ചയ്ക്കു് മീനച്ചൂടില്‍ കുളിച്ചു കിടക്കുന്ന് വയലേലകളിലും , വൃശ്ച്ചിക കാറ്റില്‍ കുളുര്‍ന്നു നില്ല്ക്കുന്ന പാതിരാ കാറ്റിനോ ....

വളരെ സത്യം..അതിനേക്കാളേറെ നന്നായീ...:)