ആരോടും പരിഭവമില്ലാതെ.
ജീവിതത്തില്‍ ജന്മദിനങ്ങളാഘോഷിക്കാനുള്ള ഭാഗ്യമില്ലായിരുന്നു.
ചില വഴിപാടുകള്‍,
അമ്മ,
ത്രിസന്ധ്യയിലെ നാമജപങ്ങള്‍.
തട്ടത്തിലെ തുളസിപ്പൂക്കളുടെ എണ്ണം,
അമ്മയുടെ മുഖത്തെ കണ്ണുനീരില്ലാത്താ മന്ദസ്മിതം,
കൊച്ചു പെങ്ങന്മാരുടെ സന്തോഷം,
പത്താമ്പുറത്ത് ഉറങ്ങാതിരുന്ന സ്വപ്നങ്ങള്‍.
കഴിഞ്ഞിരുന്നു ജന്മ ദിനങ്ങള്‍.
മറുനാട്ടിലെത്തിയപ്പോഴും അറിഞ്ഞിരുന്നില്ല.
അമ്മയുടെ കത്തുകളിലെ ആംഗ്യങ്ങള്‍ എന്നെ ഓര്‍മ്മിപ്പിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച രേവതി നക്ഷത്രത്തില്‍ അമ്പലത്തില്‍ ഗണപതി ഹോമവും മറ്റു വഴിപാടുകളും നടത്തി.
മറന്നില്ല
.
പിന്നീട്,
ജന്മദിനങ്ങളോര്‍മ്മിപ്പിക്കാന്‍,
മക്കളുടെ അമ്മ ഒളിച്ച് നിന്ന് ,
കട്ടിലിനു തലയ്ക്കല്‍ ഉണരുന്നതിനു മുന്നേ കാത്തിരിക്കുന്ന രണ്ടു കുഞ്ഞുങ്ങളേ നിര്‍ത്തി,.
ഹാപ്പി ബര്ത്ഡേ റ്റു യൂ. എന്നു പറയുമ്പോള്‍ ഒന്നും നിഷേധിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ചിരിച്ചു നില്‍ക്കുന്ന സൃഷ്ടികളുടെ മുന്നില്‍ തോറ്റുകൊടുക്കുന്നു.
.
ജീവിതത്തില്‍ തുടര്‍ന്നത് ബ്ലോഗിലും,
അതിനാല്‍ എന്‍റെ ബ്ലോഗുകള്‍ക്കും ജന്മദിനങ്ങളില്ലാതായി.
2006 മാര്ച്ചില്‍ എന്‍റെ ആദ്യ ബ്ലോഗു്.
ഒരു ചെറുകഥ എഴുതി ഞാനീ നിഴല്‍ നാടകത്തിലൊരംഗമായി.
അവിടെ “വേണുവിന്‍റെ കഥകള്‍“. പറയാനോ എഴുതാനോ കേള്‍ക്കാനോ ഒക്കെ ആയി.
മലയാളം വായിക്കാനില്ലാതിരുന്ന ഈ വടക്കേഇന്‍ഡ്യന്‍ നഗരത്തില്‍ എത്തുമ്പോള്‍,
നഷ്ടങ്ങളുടെ പട്ടികയില്‍ മലയാളം വായനയും ഉണ്ടായിരുന്നു.
കഥകള്‍ കവിതകള്‍.പത്രങ്ങള്‍.ഇവയൊക്കെ ഇഷ്ടമാകയാല്‍ കുറേ ഒക്കെ പോസ്റ്റലായി വരുത്തി വായിക്കാന്‍ ശ്രമിച്ചിരുന്ന നാളുകള്‍.
അത്യാസന്ന നിലയിലെന്ന വാര്‍ത്ത ഇവിടെ എത്തുമ്പോഴേയ്ക്കും, ശവ സംസ്ക്കാരം ആയി, കാലഹരണപ്പെട്ട വാര്‍ത്തകളായി മാറിയിരുന്നു. പോസ്റ്റല്‍ തകരാറും പോസ്റ്റുമാന്മാരുടെ കൃത്യ വിലോപവും വായനാ, തടസ്സമാക്കി മാറ്റിയിരുന്ന നാളുകള്‍.
ഇന്‍റെര്‍നെറ്റിലൂടെ മലയാളം പത്രങ്ങളുള്‍പ്പെടെ പലതും വായിക്കാമെന്നറിഞ്ഞതും ആയിടയ്ക്കായിരുന്നു.
ഇന്‍റെര്‍നെറ്റില്‍ ആദ്യം മലയാളം വായിച്ചത് എന്ന് എന്നോര്‍ക്കുന്നില്ല. പക്ഷേ ആദ്യമായി മലയാളം കണ്ട ദിവസം ഓര്‍ക്കുന്നു.
ചീനാ അതിര്‍ത്തിയില്‍ യുദ്ധം ചെയ്തു നിന്ന മലയാളി സൈനികനു് അവിടെ അതിര്‍ത്തിയില്‍ ഒരു തെങ്ങ് കണ്ടാല്‍ തോന്നുന്ന മാനസിക സ്ഥിതി വിശേഷമായിരുന്നു എനിക്കന്നുണ്ടായത്.
സെര്‍ച്ചിലൂടെ മലയാളം എഴുതിയിട്ടുള്ള സ്ഥലങ്ങള്‍ കണ്ടു പിടിക്കാന്‍ പിന്നീട് എനിക്ക് കഴിഞ്ഞു.
കൂടുതല്‍ മലയാളികളില്ലാതിരുന്ന ഈ നഗരത്തില്‍ സമാന മനസ്സരെ കണ്ടു പിടിക്കാനും എനിക്ക് പ്രയാസമായിരുന്നു.
അതിനാല്‍ ഒഴിവു ദിവസങ്ങള്‍ എനിക്കൊരു തപസ്യ ആയി.
അന്വേഷണങ്ങളും വായനയും തുടര്‍ന്നു കൊണ്ടിരുന്നു.
മലയാളം ബ്ലോഗുകളില്‍ എങ്ങനെ എത്തിയെന്നോ, ഏതു ബ്ലോഗാണ് ആദ്യം വായിച്ചതെന്നോ ഓര്‍ക്കാന്‍ കഴിയുന്നില്ല. കാരണം വായിച്ചതൊക്കെ ബ്ലോഗുകളാണെന്ന് മനസ്സിലാക്കിയെടുക്കാന്‍ തന്നെ സമയമെടുത്തു.
എന്തുകൊണ്ടെനിക്കും ഒരു ബ്ലോഗു തുടങ്ങി കൂടാ എന്ന ചിന്ത എന്നേയും സാവകാശം പിന്തുടര്‍ന്നു.
മുന്നേ പോയവരെഴുതി വച്ചിരുന്ന വഴികാട്ടികള്‍ വായിച്ചു മനസ്സിലാക്കിയെടുത്തു.
എഴുതാനുള്ള നാരായവും ഓലയും കിട്ടിയ ഞാനും തറ , പറ, പന എന്നെഴുതാന്‍ തുടങ്ങി.
പിന്നീട് ഉപദേശങ്ങള്‍ നല്‍കിയ വരെ ഒക്കെ നന്ദിയോടെ സ്മരിക്കുന്നു.
അഭിപ്രായങ്ങള്‍ കമന്‍റായും ഈമെയിലായും ഓര്‍ക്കൂട്ടായും, പ്രചോദനങ്ങളും തെറ്റു തിരുത്താനുള്ള ഉപദേശങ്ങളും മണ്ടത്തരങ്ങള്‍ക്ക് സ്നേഹമസൃണമായ താക്കീതും ഒക്കെയായി എനിക്ക് മാര്‍ഗ്ഗ ദീപം നല്‍കി.
അങ്ങനെ “വേണുവിന്‍റെ കഥകള്‍” എന്ന ബ്ലോഗും.
അതിനൊക്കെ ശേഷം ,പിന്നെയും ഭാരതപ്പുഴ പല പ്രാവശ്യം ഒഴുകി.:)
എന്‍റെ വലിയലോകം(A tipical Photo blog) എന്ന ബ്ലോഗില്‍ ശ്രീ വിശ്വപ്രഭയുടെ ഈ കമന്‍റ് വന്നത് യാദൃശ്ച്ചികമായിരുന്നു.
.Monday, October 02, 2006
http://valiyalokam.blogspot.com
വിശ്വപ്രഭ viswaprabha said...
എല്ലായിടത്തും ഓടിനടന്നു കമന്റിടാന്‍ പറ്റുന്നില്ലല്ലോ മാഷേ!
പൊറുക്കണം! സമയം കിട്ടുന്നതിനനുസരിച്ച് ഇവിടെയൊക്കെ വന്നു കുത്തിക്കുറിച്ചിട്ടോളാം!
തല്‍ക്കാലം ഇത്രയും പറയാം:‘നല്ല ബ്ലോഗ്! ഗൌരവതരമായ ഫോട്ടോകാര്‍ട്ടൂണുകള്‍!’
-----------------
Nov 26, 2006 12:06:00 PM
അതൊരു നിമിത്തമായി.
മനസ്സില്‍ കാര്‍ടൂണെന്ന വാക്ക് കത്താന്‍ തുടങ്ങി. .
കാര്‍ടൂണുകള്‍, വരയ്ക്കാനും വരച്ചതിനു് വരയേക്കാള്‍ നല്ല വരികളെഴുതാനും ഉള്ളത്.
വരയും വരിയും കിട്ടെ കിട്ടെ മത്സരിക്കുന്നത് കാണാറുണ്ട്..
ഒരു വരയില്‍ ആയിരം വരികള്‍.!
ഒരു വരിയില്‍ ആയിരം വരകള്‍.!
പ്രതിഭാശാലികള്ക്ക് എന്‍റെ പ്രണാമം.
കീറിക്കളയുന്ന കഥകളോടും കവിതകളോടുമൊപ്പം കോറിയിടുന്ന ചില വരകളും ചിത്രങ്ങളും എന്നെ നോക്കി എന്തോ സംസാരിക്കാറുണ്ടായിരുന്നു . അതൊക്കെ ഓര്‍ത്തതോ പിന്നെ കോറിയതോ ഒക്കെ എന്തൊക്കെ ആയി രൂപാന്തരം.
അങ്ങനെ നിഴല്‍ക്കുത്തെന്ന ബ്ലോഗ് ജന്മം കൊള്ളുകയായിരുന്നു. .
Friday, December 22, 2006 നു് ആദ്യ പോസ്റ്റിട്ടു.
ഈ വലിയ ലോകത്ത് ചെറിയ വരകളുമായി ഈ ഞാനും തുടരുന്നു.
ഒന്നുമില്ലൊന്നുമില്ലീ നിഴല്‍ നാടകത്തില്‍,
വെറും നിഴല്‍ പോലുമല്ലാതെ വീണടങ്ങുമ്പോള്‍ പിന്നെയും നിഴലു പോലും ഒരു ജന്മ സ്വപ്നം മാത്രം.
എനിക്ക് ബ്ലോഗുകള്‍ ഇഷ്ടമാണു്. വായിക്കാനും അറിയാനും എനിക്കു ധാരാളം എന്‍റെ മലയാളം ബ്ലോഗില്‍ സുലഭമാണു്.
പ്രിന്‍റ് മീഡിയയും മലയാള ബ്ലോഗുകളും വായിക്കാറുണ്ട്. നെറ്റിലെ മലയാള ഭാവിയില്‍ സ്വപ്നങ്ങളുണ്ട്. ആരേയും നിരസിക്കാനറിവില്ല.
എനിക്ക് ബ്ലോഗിങ്ങിഷ്ടമാണു്.
ദിവസം എത്ര സമയമില്ലെങ്കിലും ഒരു മണിക്കൂര്‍ എനിക്കതിനു ചിലവഴിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ നിരാശയാണു്.
ആ ഒരു മണിക്കൂറില്‍ പുതിയതും പഴയതും പലതും വായിക്കാനും ഞാനും ഇവിടെ ഉണ്ടെന്നറിയിക്കാന്‍ ഒരു കമന്‍റെവിടെ എങ്കിലും എഴുതാനും ഒരു നിയോഗം പോലെ ഞാന്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.
ബൂലോകത്തിന്‍റെ തുടര്‍ച്ചക്കാരെ ഞാന്‍ ആരാധനയോടെ ഓര്‍ക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.
സമയവും കഴിവുകളും ഈ കൊച്ചു ഭാഷയ്ക്ക് വേണ്ടി വിനിയോഗിച്ച ആ മിടുക്കരെ അഭിമാനത്തോടെ ഉള്ളില്‍ സൂക്ഷിക്കുന്നു.
അതിനു് അര്ത്ഥവും ശക്തിയും നല്കി , മാറ്റങ്ങളുള്‍ക്കൊണ്ട് സഞ്ചരിക്കുന്ന ഇന്നലെ വന്ന, ഓരോ ദിവസവു വന്നു കൊണ്ടിരിക്കുന്ന ഓരോരോ ബ്ലൊഗറേയും ഞാന്‍ സ്നേഹ സാഹോദര്യത്തോടെ വീക്ഷിക്കുന്നു. ഓരോ പുതിയ വരുത്തരും ഇവിടം കരുത്തുറ്റതാക്കുന്നു എന്ന് ഞാന്‍ അറിയുന്നു.
ഇതാ, കവല വരെ.---------------------
പണ്ട്, എന്‍റെ കൊച്ചു ഗ്രാമം.
ഒരു ചെറു കഥ നെറ്റിയിലൊട്ടിച്ച് ഒരു ദിവസം രണ്ട് പ്രാവശ്യം വരുന്ന ഒരു ബസ്സുള്ള ഗ്രാമം. രണ്ട് ചായക്കടയും ഒന്നു രണ്ട് മുറുക്കാന്‍ കടയും ഒരു കൊച്ചു ബാര്‍ബര്‍ ഷാപ്പും ഒക്കെ ആയി ഒരു കലങ്ങും ഒരു സ്റ്റ്രീറ്റ് ലൈറ്റും ഒക്കെയുള്ള ഒരു കൊച്ചു കവല.
“ എവിടെ പോകുന്നെടെ? ദാ കവല വരെ.
ഒന്നുമില്ല. വൈകുന്നേരം ഒന്നു കറങ്ങാന്‍ എല്ലാവരും ഒന്നു കവല വരെ പോകും..
കാണാന്‍. കാണിക്കാന്‍. മിണ്ടാന്‍. കേള്‍ക്കാന്‍. അറിയാന്‍. അറിയിക്കാന്‍.
വലിയആള്‍ക്കാരും ചെറുപ്പക്കാരും. ഞാനും പോയിരുന്നു. സമപ്രായക്കാരെ കാണാന്‍. ലൈബ്രറിയിലൊന്നു നിരങ്ങാന്‍. മിണ്ടാന്‍, പറയാന്‍. കേള്‍ക്കാന്‍, കേള്‍പ്പിക്കാന്‍. അട്ച്ച് മൂടി വീട്ടിലിരിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണു്. പത്തു പേരെ കണ്ട് മിണ്ടി മടങ്ങുന്നത്.
ഇന്നും ഞാനതു തുടരുന്നു. ബ്ലോഗു കവലയില്‍.:)
ബ്ലൊഗെന്ന കവലയിലൊന്നു കറങ്ങും. കാണും. മിണ്ടും. കേള്‍ക്കും. പറയും. ചിരിക്കും. ചിരിപ്പിക്കും. കൊള്ളും. കൊടുക്കും.
തിരിച്ചു വീട്ടിലെത്തുമ്പോള്‍ കിട്ടുന്ന പഴയ ആ സംതൃപ്തിയും.
അതിനാല്‍ എനിക്കീ ബ്ലോഗിങ്ങ് ഇഷ്ടമാണു്.
എനിക്ക് അറിയാത്ത, എന്നെ അറിയാത്ത ഒരിക്കല്‍ കൂടി കണ്ടിട്ടില്ലാത്ത ഒത്തിരി ആളുകളെ കാണാനും കേള്‍ക്കാനും കഴിയുന്നു. അതൊരു മഹാഭാഗ്യമായി കരുതി ഞാന്‍ ബ്ലൊഗ് ചെയ്യുന്നു.
എന്‍റെ ഭാഗ്യത്തിനു് കാരണങ്ങളാകുന്ന എന്‍റെ ബ്ലോഗ് സമൂഹമേ നിന്നെ ഞാന്‍ ധന്യതയോടെ സ്മരിക്കുന്നു.
എല്ലാവര്‍ക്കു നന്ദി. നമസ്ക്കാരം. ഹാപ്പി ബ്ലോഗിങ്ങ്.:)
നിഴല്‍ക്കുത്തില്‍ കമന്‍റു നല്‍കിയവരുടെ പേരുകള്‍,
ആദ്യം വന്ന മുറയ്ക്ക് എന്‍റെ കൈയ്യക്ഷരത്തില്‍ രേഖപ്പെടുത്തി എന്‍റെ ഹൃദയംഗമായ നന്ദി രേഖപ്പെടുത്താന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു. ആരേയും വിട്ടു പോകാതിരിക്കാന്‍ ഇന്നലെ അതേ ഒരു ഞായറാഴ്ച മുഴുവനും വിനിയോഗിച്ചിരുന്നു. അറിയാതെ ആരേയെങ്കിലും വിട്ടു പോയെങ്കില്‍ ക്ഷമ ചോദിക്കുന്നു.
മുകളില്‍ എഴുതിയവരല്ലാതെയും ഓര്‍ക്കുട്ടിലൂടെയും ഇ മെയിലിലൂടെയും എന്നെ പ്രൊത്സാഹിപ്പിക്കുന്ന പലരേയും ഞാന്‍ ഓര്‍ക്കുന്നു. അവര്‍ക്കും എന്‍റെ നന്ദി രേഖപ്പെടുത്തുന്നു.
ബ്ലോഗിങ്ങിന്റ്റെ അനന്ത സാധ്യതകള്‍ക്കു മുന്നില്‍ എന്‍റെ പ്രണാമം.:)
----------------------------------------------------------------------------