
------------------------------------------

വെറുമൊരു പാവം ക്രിക്കറ്റിനെ ഇന്നും സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.
--------------------------------------------
ഒരിക്കലെവിടെയോ തമാശയായെഴുതിയിരുന്നതു വായിച്ചു.
അമേരിക്കയില്‍ നിന്നു വന്ന ഒരു മലയാളി പറഞ്ഞു പോലും. “ഇവിടെ ഒക്കെ എന്തൊരു പച്ചക്കാടുകളായിരുന്നു. നിങ്ങളിതൊക്കെ വെട്ടി നശിപ്പിച്ചിരിക്കുന്നു.“ ഗ്രാമീണന്‍റെ ഉത്തരം.“ അല്ല ആ കാടൊക്കെ ഇവിടെ നിര്‍ത്തി ഞങ്ങള്‍ കാടന്മാരായി ഇവിടെ കഴിയാം.“
ജനിച്ച നാട്ടിലൊഴികെ മറ്റെവിടെയും ഒരു രണ്ടാം പൌരന്‍ മാത്രമാണു പ്രവാസി.
എത്ര ആഡംബരങ്ങളിലും എത്ര പദവികളിലും,
മലയാളി, മലബാറിയായോ മദ്രാസ്സിയായോ ആയി പ്രവാസിത്വത്തില്‍ രൂപാന്തരം പ്രാപിക്കുന്നു.
എനിക്കെന്നായാലും എന്‍റെ നാടു മതി.
ഞാന്‍ ജനിച്ചു വളര്‍ന്ന നാടു്.
ഓര്‍മ്മകളുടെ മണിച്ചെപ്പു മുഴുവനും നിറഞ്ഞിരിക്കുന്ന നാടു്.
നാടിന്‍റെ ഓരോ പുരോഗമനമായ കാല്‍ വയ്പുകളിലും ഞാന്‍ അഭിമാനിക്കുന്നു.
പാകപ്പിഴകളേയും ഇകഴ്ച്ചകളേയും, എല്ലായിടത്തും വ്യാപിക്കുന്ന ചില പ്രതിഭാസങ്ങളില്‍ ഉള്‍പ്പെടുത്തി സമാധാനിക്കുന്നു.
തിരിഞ്ഞു നോക്കുമ്പോള്‍ തോന്നാറുണ്ടു്. നീ വണ്ടി കേറി ആ നാടു വിട്ടതു പോലും ആ നാടിനു് നിനക്കു് ഒന്നും നല്‍കാന്‍ ഒക്കാതിരുന്നതിലല്ലേ. പിന്നെയും എന്തിനു സ്നേഹിക്കണം.?
അല്ല. അല്ല. അല്ല.
അവിടെ ചിന്തിക്കേണ്ട വിഷയങ്ങളുണ്ട്.
വര്‍ഷാവര്‍ഷം ഓടി പോകുന്നതിനു പിന്നില്‍ എന്തൊക്കെയോ ഉണ്ടു്.
ആ എന്തൊക്കെയോയേ, ഒരു പക്ഷേ വേരുകളെന്നു പറയുന്നതാണോ, അതൊന്നും എനിക്കറിഞ്ഞു കൂടാ.
അടിഒഴുക്കുകളോ കര്‍മ്മവിധിയോ എവിടെയൊക്കെയോ എത്തിപ്പിക്കുമ്പോഴും, മനോഹരമായ ഒരു വലിയ ക്യാന്‍വാസ്സു് നിറയെ ഓര്‍മ്മ പ്പൂക്കള്‍ നിറഞ്ഞിരിക്കുന്നു.
എന്നായാലും തിരിച്ചു് നാട്ടിലേയ്ക്കെന്നു തന്നെയാണെന്‍റെ സ്വപ്നം.
മിക്ക പ്രവാസികളുടേയും സ്വപ്നങ്ങള്‍ ഇങ്ങനെ തന്നെ എന്നു തോന്നാറും ഉണ്ടു്.
അന്യ നാട്ടിലൊരിക്കല്‍ ഞാന്‍ കേട്ട ഒരു ശബ്ദം ഞാനോര്‍ത്തു വച്ചിരിക്കുന്നു.
പട്ടിണിയായാലും നാട്ടിലായാല്‍ ഒരു ഞാലി പൂവന്‍ വാഴയുടെ മൂട്ടിലായാലും ആരേയും പേടിക്കാതെ കിടന്നുറങ്ങാമല്ലോ.
വെറും വാക്കാണു്. അതിനു പിന്നിലെ സത്യങ്ങളെല്ലാം തുറിച്ചു നോക്കുമ്പോഴും അതിലെ മലയാള മണ്ണിനോടുള്ള സ്നേഹം എനിക്കു് തിരിച്ചറിയാന്‍ കഴിയുന്നു.
ജനിച്ചതു കേരളത്തിലാണെന്നും, മാതൃ ഭാഷ മലയാളമാണെന്നും പറയാനറയ്ക്കുന്നവര്‍ മലയാളികളല്ല.
ഞാന്‍ ഒരു മലയാളിയാണെന്നു് അഭിമാനത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു . :)