ഞായറാഴ്‌ച, സെപ്റ്റംബർ 09, 2007

വലിയലോകവും ചെറിയ വരകളും(“അമ്പട ഞാനേ”)

Buzz It
പ്രിയ ബൂലോകമേ......
എന്‍റെ നിലപാടു് വ്യക്തമാക്കട്ടെ.
നിലപാടുനിന്ന തിരുമേനിമാര്‍ തല കൊയ്തെറിഞ്ഞ മാമാങ്കം നമുക്കാവര്‍ത്തിക്കാതിരിക്കാന്‍‍.....

ഇവിടെ ഭാവനകളും കൃത്രിമങ്ങളും തൊങ്ങലുകളും വിഷയം ആലംകാരികമാക്കി വഷളാക്കിയിരിക്കുന്നു.
ഒന്നുമില്ല.
ചാറ്റിങ്ങു് , ഫോണ്‍ ചെയ്യല്‍, പുകഴ്ത്തലുകള്‍ , പരിചയപ്പെടലുകള്‍ ഇതൊന്നും പുതുമയല്ല.
ഇവിടെ പുതിയതെന്തു സംഭവിച്ചു. ഒന്നുമില്ല. തെറ്റിധാരണകളില്‍ നിന്നുണ്ടായ തെറ്റു്, ഒരു ബലൂണ്‍ കണക്കെ അതു് ഊതി വീര്‍പ്പിക്കപെട്ടു. നമുക്കതു മറക്കാം.
എനിക്കറിയാവുന്നവര്‍‍ തന്നെ ഇവിടെ ആരോപണ വിധേയനായ സുഹൃത്തും ആരോപണം ഉന്നയിച്ച വനിതാ മെംബര്‍മാരും. ഞാനിതെഴുതുന്നതു് തന്നെ, ആരുടേയും പക്ഷം പറയലല്ല. അക്ഷരങ്ങളിലൂടെ മാത്രം വീണു കിട്ടിയ ആശയങ്ങളില്‍ ഞാന്‍ ബഹുമാനിക്കുന്ന എന്‍റെ കൂട്ടുകാരാണിവര്‍.
അവിടെ ആണ്‍‍ പെണ്‍‍ വ്യത്യാസവും ഇല്ല.
കൂട്ടായ്മയില്ലെന്നു കൊട്ടി ഘോഷിക്കുന്നവരോടൊക്കെ എനിക്കൊന്നേ പറയാനുള്ളൂ. ഇവിടെ അന്തര്‍‍ലീനമായുള്ള കൂട്ടായ്മ ജീവിതത്തില്‍ എനിക്കൊരിടത്തും കാണാന്‍ കഴിഞ്ഞിട്ടില്ല.
എനിക്കെന്തെങ്കിലും അറിയണം, ഞാനൊരു കുറി എന്‍റെ ബ്ലോഗിലിട്ടാല്‍ മതി. ഒരു വാക്കിന്‍റെ അര്ഥമോ, ഒരു മരുന്നിന്‍റെ പേരൊ, ഒരു സൊഫ്റ്റുവയരിന്‍റെ സംശയമോ എന്തോ ആകട്ടെ. പാചകമോ, സംഗീതമോ. എന്തോ ആയാലും ഉത്തരങ്ങളുമായി എത്ര പെരെത്തുന്നു.
ഇതു കൂട്ടായ്മയല്ലെ. ഒരു ബ്ലോഗറ് ജയിലില്‍ ആയപ്പോള്‍ ഒരു കൂട്ടായ്മ ഒറ്റക്കെട്ടായതു മറന്നോ. പുതിയൊരു കുഞ്ഞികാലു പിറക്കുമ്പോള്‍, ആ വിവരം അറിയുമ്പോള്‍ അവനോ അവള്‍ക്കൊ മുത്തങ്ങളുമായെത്തുന്ന കൂട്ടായ്മ. കല്യാണമൊരുക്കുന്ന കൂട്ടായ്മയിലൊക്കെ പങ്കു ചേര്‍ന്ന നമ്മളെന്തേ എല്ലാം മറക്കുന്നതു്.
കൂട്ടായ്മ അടിച്ചേല്പിക്കപ്പെടുന്നതല്ല. അതു് സമയം സന്ദര്‍ഭം സാഹചര്യം .അതെയ് അടിഒഴുക്കുകള്‍ തന്നെ. നമ്മളറിയാതെ നമ്മളിലൂടെ ഒരു വികാര പ്രപഞ്ചം.അതു് അന്തര്‍ ലീനമാണു്. സ്നേഹം പരസ്പര ബഹുമാനം എന്നിവയില്‍ നിന്നും ഉരുത്തിരിഞ്ഞു് ആര്‍ജ്ജവം നേടുന്ന ഒരു പ്രക്രിയ.

നമുക്കു നല്ലൊരു ബൂലൊകം കെട്ടിപ്പടുക്കാം.
വരും തലമുറ ഒരു ചെറു പുഞ്ചിരിയോടെ നമ്മളെ ഓര്ക്കട്ടെ.
ഇവിടെ ശ്രീ.വിശ്വം എഴുതിയ വാക്കുകള്‍ എന്‍റെ കാതില്‍ മുഴങ്ങുന്നു.
സ്വയം തിരിച്ചറിഞ്ഞ്, തിരി തെളിഞ്ഞ്, ഞങ്ങളുടെ കുഞ്ഞുവായനക്കൂട്ടങ്ങള്‍ക്കു മുകളില്‍ തെളിച്ചമുള്ളൊരു വഴിവിളക്കായി
ഇനിയെന്നും
ജ്വലിച്ചുകൊണ്ടേയിരിക്കുക...
ഇനി വരും കാലത്തിന്റെ മാനിഫെസ്റ്റോ ആകും ഈ മലയാളം ബ്ലോഗുകള്‍.
ആ മഹായാത്രയില്‍ നാമെല്ലാം മുന്‍പേ പറക്കുന്ന പക്ഷികളാണെന്നു മാത്രം നമുക്കെല്ലാമോര്‍ത്തും പരസ്പരം ഓര്‍മ്മിപ്പിച്ചും കൊണ്ടിരിക്കാം.
നമുക്ക് നമ്മില്‍ തന്നെ സ്വയം അവമതിക്കാതിരിക്കാം.
ഒരുമിച്ചൊഴുകാം.
പത്തിരുപതുവര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ഒരു മഹാവിപ്ലവത്തിന്റെ ചരിത്രം ചൂണ്ടിക്കാണിച്ചുകൊണ്ട് നമുക്കോരോരുത്തര്‍ക്കും അതിന്റെ പങ്കും കൊണ്ട്, “അമ്പട ഞാനേ” എന്ന് ആവേശപൂര്‍വ്വം ആരവം മുഴക്കാനാവട്ടെ.

ചെറിയ ഓഫു വേണ്ടി വരുന്നു എനിക്കിതു് ഉപസംഹരിക്കാന്‍.

ഞാനും എന്‍റെ സഹധര്‍മിണിയുമായി ഒരിക്കല്‍... സംസാരിക്കയായിരുന്നു.
സ.ധ:‍- എന്നായാലും തിരിച്ചു പോകണം. വേരുകള്‍ അവിടെയാണു്.
ഞാന്‍.:- അതെ.
സ.ധ.:- ഒത്തിരി കാലം കഴിഞ്ഞാല്‍ നമ്മളെ ആരും തിരിഞ്ഞു നോക്കില്ല. വടിയും കുത്തി പല്ലും പൊഴിഞ്ഞു് നാട്ടിലെത്തിയാല്‍‍ സമയം പോലും നമ്മളെ കൊഞ്ഞനം കുത്തും.
ഞാന്‍:- നോക്കു്. കണ്മുന്നിലൊരു നെല്‍ പാടം.
തൊട്ടു താഴെ ഒരു കൊച്ചു തോടു്.
ഒരു ചെറിയ കുളം പറമ്പിലുണ്ടെങ്കില്‍ കേമം.
പിന്നെ ഒരു ചെറിയ പുര രണ്ടു മുറി മതിയെടീ.
പക്ഷേ എന്‍റെ ലാപ്റ്റോപ്പും ഒരു നെറ്റു് കണക്ഷനും വേണം.
എന്‍റെ വിരലുകളനങ്ങണം.
എനിക്കെല്ലാം വായിക്കാന്‍ എന്‍റെ കണ്ണുകളില്‍ പ്രകാശമുണ്ടായിരിക്കണം.
നിനക്കു് എന്നൊടൊപ്പം ഇരിക്കാന്‍, ഞാന്‍‍ വായിക്കുന്നതു കേള്‍‍ക്കാന്‍‍ , നമുക്കിഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കാന്‍ ആരോഗ്യവും വേണം.
പിന്നെ നമുക്കെന്തു വേണം.
ദേശാടന പക്ഷികളെ പോലെ പറന്നു വരുന്ന മക്കള്‍ വന്നു പോകട്ടെ.
നമുക്കു് വല്ലപ്പോഴും ആ തോട്ടിന്‍ കരയിലിരിക്കാന്‍‍, പാടത്തിനു് പടിഞ്ഞാറു ചാഞ്ഞു വീഴുന്ന സൂര്യനെ നോക്കിയിരിക്കാന്‍, തോടിനിപ്പറം ചതുമ്പിനു മുകളിലെ മിന്നാമിനുങ്ങിയെ കാണാന്‍, പിന്നെ.....
രാത്രിയുടെ സംഗീതം. ചീവീടുകളുടെ മധുര ഭാഷണം, പോക്രാന്‍ തവളകള്‍ നമ്മെ നോക്കി കളിയാക്കുന്ന ശബ്ദം. പിന്നെ....... ഏതോ അമ്പലത്തിലെ കൌസല്യ സുപ്രജാ രാമാ .... സ്ലേറ്റും പുസ്തകവുമായി സ്കൂളിലേയ്ക്കോടുന്ന കുഞ്ഞുങ്ങള്‍......
മാഷേ......അന്നു ഞാന്‍ കാണുമോ........
ഞാന്‍ വെറുതേ.....ചിരിച്ചു കൊണ്ടു പറഞ്ഞു.
നീ ഇല്ലെങ്കില്‍ ......പിന്നെ....
ഞാനാ തോട്ടിന്‍ കരയിലെ ഒരു മിന്നാമിനുങ്ങിയായി അലയും.........ഓരോ ഇലയിലും ആത്മാവു തേടി....മാനസ മൈനേ...വറൂ.............
ഞങ്ങള്‍ പൊട്ടി ചിരിച്ചു.
പ്രിയ ബൂലോകമേ.... ഇതു തമാശ കൊണ്ടു നെയ്ത ഒരു ഭാവനയായിരിക്കാം. ബൂലോകമെന്ന മാധ്യമം ഭാവനയുടെ തേരിലും കടന്നു വരുമ്പോള്‍‍ ...
പ്രിയ ബൂലോകമേ.....
നിനക്കെന്‍റെ പ്രണാമം.ഞങ്ങള്‍ക്കു് നീയെത്ര പ്രധാനമായിരിക്കുന്നു.
ഞങ്ങള്‍ നിന്നെ എത്ര സ്നേഹിക്കുന്നു.
പ്രത്യാശയുടെ കിരണങ്ങളുമായി നീ പുതിയ കൈത്തിരി വെട്ടവുമായി പ്രശോഭിക്കൂ.
ധന്യമീ നിമിഷങ്ങളെന്നു ഞങ്ങള്‍ അറിയുന്നു.
ഹാപ്പി ബ്ലോഗിങ്ങു്. എന്‍റെ കൂട്ടുകാരെ, ഒരിക്കലും കാണാത്ത, ഒരു പക്ഷേ ഒരിക്കലും കാണാനൊക്കാത്ത എന്‍റെ കൂട്ടുകാരെ ഇനിയുള്ള നാളുകള്‍‍ സന്തോഷത്തിന്‍റെ നാളുകളാകട്ടെ. വെള്ളത്തില്‍‍ വരയ്ക്കുന്ന വരകളാണെങ്കില്‍‍ കൂടി നമുക്കു് സന്തോഷത്തോടെ വരയ്ക്കാം.
സ്നേഹ ബഹുമാനങ്ങളോടെ,
വേണു.

38 അഭിപ്രായങ്ങൾ:

::സിയ↔Ziya പറഞ്ഞു...

വേണുവേട്ടാ, നല്ല ലേഖനം.
ഒരു വിവാദത്തിനുമില്ലാത്ത നല്ല ചിന്ത.
വായിച്ചു തീര്‍ന്നപ്പോള്‍ കണ്ണു നിറഞ്ഞു.
വേണുവേട്ടന്റെ ആഗ്രഹം പോലെ ഹാപ്പി ബ്ലോഗിംഗ് എല്ലാവര്‍ക്കും സുസാധ്യമാകട്ടെ എന്നാശംസിക്കുന്നു.

മുസാഫിര്‍ പറഞ്ഞു...

വേണു ജി, അതെ അങ്ങനെത്തന്നെയാവട്ടെ എന്നാണ് എന്റേയും ആഗ്രഹം.ഉപസംഹാ‍രം നന്നാ‍യി.പൊന്നാനി മുതല്‍ ആലപ്പുഴ വരെ ജലപാത ഗതാഗതയോഗ്യമാക്കുന്ന ഒര് പ്രോജക്റ്റ് സര്‍ക്കാര്‍ തുടങ്ങിയെന്നു അതില്‍ ജോലി ചെയ്യുന്ന ഒരു കൂട്ടുകാരന്‍ പറഞ്ഞു.അതു ശരിയാവുമ്പോള്‍ ഞാനും നല്ല പാതിയും വഞ്ചിയില്‍ ആ വഴിക്കു വരാം.പാടത്തിന്റ്റെ കരയില്‍ വെയില്‍ കായുന്ന നിങ്ങളോട് കൊച്ച് വര്‍ത്തമാനം പറയാന്‍ !

അനില്‍_ANIL പറഞ്ഞു...

"കൂട്ടായ്മ അടിച്ചേല്പിക്കപ്പെടുന്നതല്ല. അതു് സമയം സന്ദര്‍ഭം സാഹചര്യം .അതെയ് അടിഒഴുക്കുകള്‍ തന്നെ. നമ്മളറിയാതെ നമ്മളിലൂടെ ഒരു വികാര പ്രപഞ്ചം.അതു് അന്തര്‍ ലീനമാണു്. സ്നേഹം പരസ്പര ബഹുമാനം എന്നിവയില്‍ നിന്നും ഉരുത്തിരിഞ്ഞു് ആര്‍ജ്ജവം നേടുന്ന ഒരു പ്രക്രിയ."

നല്ല മനസില്‍ നിന്നു മാത്രം വരാനാവുന്ന നല്ല ചിന്തകള്‍.
മുന്നോട്ടു തന്നെ നോക്കാം നമുക്ക്; പിന്നിട്ട പാതകളെ മറക്കാതെ തന്നെ.

അഗ്രജന്‍ പറഞ്ഞു...

വേണുജി... നന്ദി ഈ നല്ല വാക്കുകള്‍ക്ക്, ബൂലോഗം കാതിലും പിന്നെ മനസ്സിലും ഏറ്റെടുക്കട്ടെ ഈ വരികള്‍ എന്നാശിക്കുന്നു...

ആ ഓഫ് തന്നെയാണ് ഈ പോസ്റ്റിന്‍റെ ചന്തം :)

സഹയാത്രികന്‍ പറഞ്ഞു...

വേണു മാഷേ... അസ്സലായി...
എല്ലാരും വായിക്കണം ഇത്...

"എന്‍റെ കൂട്ടുകാരെ, ഒരിക്കലും കാണാത്ത, ഒരു പക്ഷേ ഒരിക്കലും കാണാനൊക്കാത്ത എന്‍റെ കൂട്ടുകാരെ ഇനിയുള്ള നാളുകള്‍‍ സന്തോഷത്തിന്‍റെ നാളുകളാകട്ടെ. വെള്ളത്തില്‍‍ വരയ്ക്കുന്ന വരകളാണെങ്കില്‍‍ കൂടി നമുക്കു് സന്തോഷത്തോടെ വരയ്ക്കാം."


അങ്ങയുടെ ഈ പ്രാര്‍ത്ഥനയില്‍ ഞാനും ചേരുന്നു...

Vanaja പറഞ്ഞു...

വേണു മാഷേ ,എന്നേക്കാള്‍ പ്രായം കൂടുതല്‍ ഉണ്ടായിരിക്കും. എന്നാലും അടി.കരയിപ്പിച്ചതിന്‍.

എന്റെ കിറുക്കുകള്‍ ..! പറഞ്ഞു...

മനസ്സിന്റെ നന്മ അക്ഷരങ്ങളില്‍ വ്യക്തം മാഷേ..

ഇങ്ങ് ദൂരേ ഈ പ്രവാസജീവിതത്തില്‍ ഈ അക്ഷരലോകം എനിക്കേറ്റവും പ്രിയപ്പെട്ടത്. ഇവിടെ നമുക്ക് ശത്രുക്കളില്ല. അക്ഷരങ്ങള്‍ വെളിച്ചമാണ്..അവിടെയുള്ളത് നന്മ മാത്രം!
നമുക്ക് തുടരാം..ഈ അക്ഷരക്കൂട്ടായ്മ!

(സുന്ദരന്‍) പറഞ്ഞു...

വേണുമാഷെ...
നിങ്ങളെപ്പോലുള്ളവര്‍ ഇവിടെ ഉണ്ടെന്നുള്ളതുതന്നെ സന്തോഷമാണ്...
ഞാനൊരു ഹാപ്പി ബ്ലോഗര്‍....

ദിവ (എമ്മാനുവല്‍) പറഞ്ഞു...

വേണുമാഷേ,

ആ ഓഫ് ടോപിക് വായിച്ചിട്ട് സെന്റിയായി കെട്ടോ. അതു ഞാന്‍ അടിച്ചുമാറ്റി.

ശ്രീ പറഞ്ഞു...

നന്നായിരിക്കുന്നു വേണുവേട്ടാ
:)

സു | Su പറഞ്ഞു...

വേണുജീ :)

Kiranz..!! പറഞ്ഞു...

വേണുവേട്ടാ..ബുദ്ധിമാന്മാരുടേയും മഹത്തുക്കളുടേയുമൊക്കെ വിളനിലമായ ഈ ബൂലോഗത്ത് താങ്കളേപ്പോലുള്ളവര്‍ അനുഭവജ്ഞാനത്തിന്റെ നേര്‍വരകളാകുന്നു.ആരൊക്കെ ഏതൊക്കെ ദിശയില്‍ വഴിതെറ്റിപ്പോയാലും തിരിച്ചു വരുത്തുവാനുള്ള ഈ ഉദ്ബോധനം.കണ്ണുള്ളവര്‍ ‍കാണട്ടെ .സുന്ദരന്‍ പറഞ്ഞത് പോലെ താങ്കളുടെ സാന്നിധ്യം നിലനിര്‍ത്തുവാന്‍ എന്തെങ്കിലും സഹായം,അതെത്ര ചെറുതാണെങ്കിലും ആവശ്യപ്പെടുവാന്‍ മടിക്കരുത്. നന്ദി..!

കരീം മാഷ്‌ പറഞ്ഞു...

കലഹം തീരുന്ന ബൂലോഗക്കുളത്തില്‍ മുങ്ങി നീരാടാന്‍ കാത്തിരിക്കുന്നുണ്ടീകരയില്‍ ഞാനും ക്ഷമകെട്ടവനായി.
പ്രതീക്ഷയോടേ!

valmeeki പറഞ്ഞു...

അമ്പടാ....വേണുജീ...
നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ,
ഈ ബ്ലോഗിലേക്ക് അടുപ്പിച്ച ലിങ്കിനോടോ..?

SAJAN | സാജന്‍ പറഞ്ഞു...

വേണുച്ചേട്ടാ, ചുമ്മാ മനുഷ്യനെ സെന്റിയാക്കാതെ,
വായിച്ചു കണ്ണും ഹൃദയവും ഒരു പോലെ നിറഞ്ഞു:)

Sameer Thikkodi പറഞ്ഞു...

ഹൃദയത്തിന്റെ അന്തരാളങ്ങളില്‍ നിന്ന് ഒഴുകിയെത്തി വിരലുകളിലൂടെ കീബോര്‍ഡില്‍ പതിഞ്ഞ മഹത്തരങ്ങളായ ഈ പങ്കുവെക്കല്‍ ശരിക്കും കാലത്തിന്റെ ആവശ്യകത തന്നെ. ഇനിയും വറ്റിയിട്ടില്ലാത്ത മനുഷ്യത്വത്തിന്റെ കണികകളെ പേമാരിയാക്കാന്‍ പോന്ന വാക്കുകള്‍. കാല്പനീകതയിലൂടെ കാര്യം പറയുകയെന്നത് വായനക്കാരന് താല്പര്യം കൂട്ടുന്നു.

ശരിയാണ്. യഥാര്‍ഥ ചങ്ങാത്തം അത് നല്ല മനസ്സുകളുടെ ഒത്തുചേരല്‍ ആണ്. അതിന് അകലം ഏറുമ്പോഴും ആഴം കൂടുകയേ ഉള്ളൂ. ഭാവിയെക്കുറിച്ച് അധികം വേവലധി വേണ്ട... തിങ്ക് ഓള്‍വേയ്സ് പോ‍സിറ്റീവ്... ദൈവം അനുഗ്രഹിക്കട്ടെ...

(ഞാന്‍ ഈ ബൂലോകത്തെ വെറും ഒരു വായനക്കാരന്‍ മാത്രം.. ഒരു പാടു പേരെ ഈ ബൂലോകത്ത് ഞാന്‍ വായിച്ചു, അവരെല്ലാം എനിക്ക് സഹോദര തുല്യര്‍.. ഒരിക്കലും കണ്ടിട്ടില്ല്ലാത്തവര്‍, ഒരു പക്ഷെ കണ്ടുമുട്ടാന്‍ സാധ്യത ഇല്ലാത്തവര്‍.. എങ്കിലും ഈ ബൂലോകത്തെ ഓരോ ദിവസത്തെ സന്ദര്‍ശനവും എന്റെ മനസ്സിന്റെ പലയിടങ്ങളിലായി ഉടക്കി നിര്‍ത്തുന്നു. കഥകളും, കവിതകളും, ഹാസ്യങ്ങളും, അനുഭവങ്ങളും, ദുരന്തങ്ങളും എല്ലാം ഈ ബൂലോക സന്ദര്‍ശനത്തിലൂടെ ഞാന്‍ വയിച്ചവയില്‍ ഉണ്ടായിരുന്നു. അവയെല്ലാം നമുക്കിടയിലെ അകലം കുറക്കുന്നു, സൌഹൃദത്തിന്റെ ആഴം കൂട്ടുന്നു...)

ഹൃദ്യമായ ഭാവുകങ്ങള്‍... കനപ്പെട്ട ചിന്തകള്‍ ഇനിയും ഈ ബൂലോകത്തെ ധന്യമാക്കട്ടെ.. ആശംസിക്കുന്നു.

സമീര്‍ തിക്കോടി

എന്റെ ഉപാസന പറഞ്ഞു...

നന്നായി വേണുസാറേ ലേഖനം
:)
ഉപാസന

പടിപ്പുര പറഞ്ഞു...

പ്രതീക്ഷിക്കാം, പ്രാര്‍ത്ഥിക്കാം. :)
ഇനി പ്രതീക്ഷയ്ക്ക് വകയില്ലെന്നുറപ്പായാല്‍ ഉപേക്ഷിക്കാം

(മനസ്സില്ലാ മന‍സ്സോടെ എന്തെല്ലാം നാം ഉപേക്ഷിച്ചിരിക്കുന്നു!)

Murali Menon (മുരളി മേനോന്‍) പറഞ്ഞു...

തഥാസ്തു. മംഗളം ഭവതു!!!

സാരംഗി പറഞ്ഞു...

നല്ല ലേഖനം വേണൂ.

ഏറനാടന്‍ പറഞ്ഞു...

വേണുജീ...മനസ്സിലും നിറഞ്ഞു ചിന്തകള്‍.

MM പറഞ്ഞു...

കിരണിന്റെ ബ്ലോഗില്‍ നിന്ന് എത്തി ചേര്‍ന്നതാണിവിടെ. നന്ദി മാഷേ, ഈ സുന്ദരവാക്കുകള്‍ക്ക്‌...

കൃഷ്‌ | krish പറഞ്ഞു...

നല്ല വരയും അതിലേറെ നല്ല വരികളും. ചിന്താഗതിയോട് യോജിക്കുന്നു. ബൂലോകം വളരട്ടെ നല്ല ചിന്താഗതിയോടെ.

വേണു venu പറഞ്ഞു...

പ്രിയ ബൂലോകമേ...എല്ലാവര്‍ക്കും നന്ദി.
വായിച്ചു തീര്‍ന്നു് കണ്ണു നീര്‍ വാര്‍‍ത്ത സിയാ....പോസ്റ്റൂ ചെയ്യും മുന്നെ എന്‍റെ കീ ബോര്‍ഡിലും...ആതെ കണ്ണു നീരെന്നു ഞാന്‍‍ പറയട്ടെ.
മുസാഫിര്‍‍....
പാടത്തിന്റ്റെ കരയില്‍‍ വെയിലു കായുന്ന ഞങ്ങള്‍‍....ഹഹഹാ....എന്തു മധുരമാ സ്വപ്നങ്ങള്‍‍.....നിങ്ങള്‍ക്കു്‌ ഞങ്ങളൊരുക്കുന്ന ഒരു വിരുന്നു് പറഞ്ഞു് ഞാനും ശ്രീമതിയും ഉറക്കെ ഉറക്കെ ചിരിച്ചു. പിന്നെ ഞാന്‍‍ ഒരു പക്ഷേ ഒരിക്കലും നമ്മളും കാണുകയില്ലാ എന്ന സത്യം ഓര്‍ത്തു് കരയാതിരിക്കാനും ശ്രമിച്ചു.
അനിലൂ്, എന്തു പറയാനാണു്. ഒന്നും പറയാതെ നമുക്കു മനസ്സിലാക്കാം എന്നു മനസ്സിലായി സുഹൃത്തേ.
അഗ്രജന്‍‍ ഭായീ....ആ ഓഫു് ടി.വി.ക്കാര്‍ക്കു് കിട്ടാത്ത റിയാലിറ്റി ഷൊവിലെ ജീവനുള്ള അക്ഷരങ്ങള്‍‍ തന്നെ.
സഹയാത്രികന്‍‍, പങ്കു ചേരണം. നമുക്കൊക്കെ ഒരുമിച്ചു സഞ്ചരിക്കാം.
വനജാ....ആ അടി....
ബുലോക പ്രജ്ഞ, സിരകളുണര്‍ത്തി പുതിയ പ്രപഞ്ചമൊരുക്കാന്‍ പര്യാപ്തമാക്കട്ടെ.
വാണിജീ,
അക്ഷരങ്ങളിലൂടെ ഈ അരങ്ങൊരുങ്ങി മനോഹരി ആകട്ടെ.
സുന്ദരാ, താങ്കളെപ്പോലുള്ളവരില്ലെങ്കില്‍ അതു കണ്ടെത്തുകയില്ലാ... അതിനാല്‍ താങ്കളെത്രയോ വലിയവന്‍. തീര്‍ച്ചയായും നമ്മളൊക്കെ.
ദിവാജീ, ആ ഓഫു് ചിരിയുടെ മാലപ്പടക്കത്തില്‍ കോര്‍ത്ത ഒരു കണ്ണുനീര്‍ മുത്താണു്. സത്യത്തില്‍ പലപ്പോഴും ആഗ്രഹിക്കാറുള്ള ഒരു സ്വപ്നവും. വെറും സ്വപ്നമാണെങ്കിലും ചുമ്മാ ഞാന്‍‍ താലോലിക്കാറുള്ള സ്വപ്നം. അതു് പങ്കിടുന്നതില്‍ എനിക്കു സന്തോഷമേ ഉള്ളു.
ശ്രീ, ഞാന്‍ സന്തോഷിക്കുന്നു എന്നറിയിക്കട്ടെ.
ശ്രീമതി സൂ, എന്താ പറയ്യേണ്ടതു്. വേണുജീ..എന്നു മാത്രമെഴുതിയതിലെ എല്ലാം നിശബ്ദതയിലൂടെ ഞാന്‍ വായിക്കുന്നു.
കിരണ്‍സേ...കണ്ണു നിറയുന്നു. മനസ്സും.
കരിം മാഷേ, ഒന്നുമില്ല, സംശുദ്ധം തന്നെ ഈ ബൂലോകം. മുങ്ങി നീരാടൂ, ഞങ്ങളൊക്കെ ആ നീരാട്ടിലുണ്ടു്.
വാല്‍മീകീ, നമുക്കു് സന്തോഷമായി ബ്ലോഗാം. ഒരു ചങ്ങലയുമില്ല.
സാജന്‍ ഭായീ... നല്ല മനസ്സുകളെ എനിക്കും തിരിച്ചറിയാന്‍‍ സാധിക്കുന്നല്ലോ. മനപ്പൊരുത്തം പിന്നെ.... എല്ലാം എപ്പോഴും നന്മകളാണെന്നു മാത്രം അറിയാന്‍ ആഗ്രഹിക്കുന്ന മനസ്സുകള്‍.
സമീര്‍ തീക്കൊടി,
ആദ്യമായല്ലിതു് . അക്ഷരങ്ങള്‍ക്കു് ആകാശമാകാമെന്നു്. നിങ്ങള് തുറന്നു പറഞ്ഞതിനെന്‍റെ ഭാവുകം.
എന്‍റെ ഉപാസനാ, ഇതെന്‍റെയും ഉപാസന തന്നെ.
പടിപ്പുരാ,
നാം ആരേ ഭയന്നു് ഉപേക്ഷിക്കണം. ഇല്ല ഒന്നും ഉപേക്ഷിക്കരുതു്. തുടരുക. തുടര്‍ന്നു കൊണ്ടേ ഇരിക്കുക.
മുരളി മേനോന്‍, മംഗളം ഭവിച്ചേ പറ്റുകയുള്ളു.
സാരംഗീ, ഇഷ്ടപ്പെട്ടതില്‍ ഞാന്‍ തികച്ചും അഭിമാനിക്കുന്നു.
ഏറനാടന്‍‍, ബ്ലോഗില്‍ നിന്നും വിടപറഞ്ഞു തല്‍ക്കാലം നില്‍ക്കുന്ന നിങ്ങളുടെ വാക്കുകള് അതിന്‍റെ പ്രാധാന്യത്തോടെ തന്നെ ഞാന്‍ കാണുന്നു.
എം. എം. നല്ല വാക്കുകളില്‍ സന്തോഷം.
കൃഷേ, സന്തോഷിക്കുന്നു.
ഈ കമന്‍റുകളല്ലാതെ ഒത്തിരി മെയിലുകളും എനിക്കു കിട്ടിയിരുന്നു.
ഒന്നു രണ്ടു മൂന്നു മെയിലുകളില്‍ എഴുതിയിരുന്നു. വേണുജീ ഈ പോസ്റ്റിനു് നല്ല റെസ്പോണ്‍സു് കിട്ടിയല്ലോ. പക്ഷേ ഞങ്ങളുടെ ഒരു സംശയം ബൂലോക കളരിയിലെ പഴയ കാരണവരെ ഒന്നും ഈ വഴി കണ്ടില്ലല്ലോ. (പുലികള്‍)
അഗ്രജന്‍റെ അശരീരിയെ കടമെടുക്കുന്നു. കാലം മാറുന്നു. കോലവും.:)
ഹാപ്പി ബ്ലോഗിങ്ങു്.:)

സന്ധ്യ പറഞ്ഞു...

വേണുജി..

ആദ്യമായാണ് ഇവിടെ.കിരണിന്റെ ബ്ലോഗില്‍ നിന്നാണ് ഇവിടെ എത്തിയത്. പക്വമായ, സ്നേഹപൂര്‍ണ്ണമായ ഈ പോസ്റ്റ് ശരിക്കും മനസിനെ സ്പര്‍ശിച്ചു.

ഒരു ബ്ലോഗിന്റെ ഉടമയല്ലെങ്കിലും ഒരു വായനക്കാരിയായി , പലരുടെയും സുഹൃത്തായി , ഞാനും ഈ ബൂലോകത്തിലെ ഒരംഗമാണ് ..

നന്ദി, പലരും പറഞ്ഞതുപോലെ “സെന്റി” ആയി..

- ആശംസകളോടെ , സന്ധ്യ

അപ്പു പറഞ്ഞു...

“നമ്മളറിയാതെ നമ്മളിലൂടെ ഒരു വികാര പ്രപഞ്ചം.അതു് അന്തര്‍ ലീനമാണു്. സ്നേഹം പരസ്പര ബഹുമാനം എന്നിവയില്‍ നിന്നും ഉരുത്തിരിഞ്ഞു് ആര്‍ജ്ജവം നേടുന്ന ഒരു പ്രക്രിയ“.

വേണുവേട്ടാ ഇതിപ്പോഴേ കണ്ടുള്ളൂ..
നല്ല ലേഖനം, നല്ല ചിന്തകള്‍, അതിലേറെ നിറമുള്ള സ്വപ്നങ്ങള്‍. എല്ലാം യാഥാര്‍ത്ഥ്യമാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

kilukkampetty പറഞ്ഞു...

വേണു.........പാടവും തോടും കുളവും എല്ലാം ഉള്ള വലിയ പറബും 150 വര്‍ഷത്തെ പഴക്കം ഉള്ള ഒരു വീടും ഒക്കെ ഉണ്ട്. വരണം രണ്ടു പേരും.നല്ല കഥകള്‍.

വേണു venu പറഞ്ഞു...

അപ്പു, തൃപ്തി അനുഭവിക്കുന്നു.:)
കിലുക്കാമ്പെട്ടി, എന്തു മനോഹരം. മുജ്ജന്മ സുകൃതം. തീര്‍ച്ചയായിട്ടും വരും.എല്ലാം നടന്നു കാണാനെന്‍റെ കാലിനു ശക്തിയും കണ്ണുകള്‍ക്കു പ്രകാശവും എന്‍റെ നിഴലായ് നടക്കുന്നവള്‍ക്കു് ആരോഗ്യവും ഉണ്ടായിരിക്കട്ടെ.നന്ദി.:)

മയൂര പറഞ്ഞു...

മാഷേ, ഈ വരികള്‍ക്ക് മനസില്‍ എത്താന്‍ ക്ഷണ നേരം മാത്രം മതിയായിരുന്നു. ക്ഷണികമീ ജീവിതത്തില്‍ അഭിപ്രായ ഭിന്നതകളും, അവ്യക്തതകളും, ഇണക്കവും, പിണക്കവും എല്ലാം ക്ഷണ നേരത്തെക്ക് മാത്രമാണ്.....

വേണു venu പറഞ്ഞു...

നന്ദി മയൂരാ.സന്തോഷം അറിയിക്കുന്നു.:)

kilukkampetty പറഞ്ഞു...

വേണു എല്ലാ കമന്‍റ്സും വയിച്ചില്ലേ?
നമ്മുടെ മലയാളം ബ്ലോഗില്‍ നന്മ ഉള്ള മനസ്സുകള്‍ മാത്രം നിറഞ്ഞിരിക്കുന്നു.എല്ലാവരും കൂടെ ഒത്തു കൂടുന്ന ഒരു ദിനം .................എന്റെ സ്വപ്നം ആണ്.

kilukkampetty പറഞ്ഞു...

വേണു,
എഴുത്തുകരി ഒന്നും അല്ല.നിങ്ങളുടെ ഒക്കെ ബ്ലോഗുകള്‍ വായിച്ചു അത്ഭുതപ്പെട്ടു പൊയി.മലയാളം ബ്ലോഗിലെ വഴിപോക്കന്‍ ആണെന്നേ കൂടെ ഇതിലേക്ക് കൂട്ടിക്കൊണ്ട് വന്നത്.ആ സുഹ്രുത് ബദധ്ത്തിന്റെ ഭലമായിട്ടാണ്ഞാനും നിങ്ങളില്‍ ഒരാളായത്.എന്നിക്കും കമന്റ്സ് തന്നതിനു നന്ദി.

വേണു venu പറഞ്ഞു...

കിലുക്കാമ്പെട്ടി,
തീര്‍ച്ചയായിട്ടും അഭിപ്രായത്തോടു് യോജിക്കുന്നു.
എല്ലാവരാലും നമനിറഞ്ഞ ഈ ബൂലോകം മുഴുവനും ഒരൊത്തുകൂടല്‍‍..ആ സ്വപ്നം പൂവണിയാന്‍‍ ഞാനും ആഗ്രഹിക്കുന്നു.
നല്ല വാക്കുകള്‍ക്കെന്‍റെ നന്ദി.
നല്ല സ്വപ്നങ്ങള്‍ക്കു് ആശംസകളും.
സ്നേഹപൂര്‍വ്വം.
വേണു.

ഇന്‍ഡ്യാഹെറിറ്റേജ്‌ പറഞ്ഞു...

വേണുജീ, വളരെ നാള്‍ കൂടി താങ്കളുടെ ബ്ലോഗില്‍ കമന്റിടാന്‍ എനിക്കു സൗകര്യം കിട്ടി
വളരെ നല്ല ഭാവനയുള്ള സന്ദേശം
നന്ദി

Geetha Geethikal പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Geetha Geethikal പറഞ്ഞു...

ശ്രീ. വേണു, ജീവിത സായാഹ്നത്തിന്റെ ആ ഭാവനാചിത്രത്തിന് എന്തൊരു മിഴിവ്‌! എന്തു സൌന്ദര്യം!!

വിശാലമായ വയല്‍പ്പരപ്പുകളും കളകളമൊഴുകുന്ന തോടുകളും......
എല്ലാം അന്യം നിന്നു പോകയല്ലേ?

പല്ലും കൊഴിഞ്ഞ് വടിയും കുത്തി നടക്കേണ്ട കാലത്ത് ഇതൊക്കെ ഇവിടെ കാണുമോ???

വേണു venu പറഞ്ഞു...

ഇന്‍ഡ്യ ഹെറിറ്റേജിന്‍റേയും ഗീതാഗീതികളുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി.:)

കാപ്പിലാന്‍ പറഞ്ഞു...

എനിക്കും അതെയുള്ളൂ വേണു ; എന്‍റെ വിരലുകള്‍ അനങ്ങണം.കണ്ണില്‍ കാഴ്ച വേണം വായിക്കുവാന്‍ .വഴിയില്‍ എപ്പോഴെങ്കിലും തിരിഞ്ഞു നോക്കിയാല്‍ അമ്പട ഞാനേ ..എന്ന് തോന്നണം .അതുകൊണ്ടല്ലേ ..ഞാന്‍ ഇങ്ങനെ ദിനം പ്രതി ഓരോന്ന് പടച്ചു വിടുന്നത്
നന്നായിരിക്കുന്നു .വളരെ അര്‍ത്ഥവത്തായ ലേഖനം :)